
ബംഗളുരു: കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ മുൻമുഖ്യമന്ത്രി സിദ്ധരാമയ്യയെ പരിധിവിട്ട് ആശ്രയിക്കാൻ നിർബന്ധിതനായിട്ടുണ്ട്. കാരണം അധികാരമില്ലെങ്കിലും സിദ്ധരാമയ്യ ശക്തനാണ്. കോൺഗ്രസ്സിലെ പിന്നോക്ക വിഭാഗ-ദളിത്- ന്യൂനപക്ഷ കൂട്ടായ്മയായ അഹിന്ദയുടെ അനിഷേധ്യ നേതാവാണ് അദ്ദേഹം. മുഖ്യമന്ത്രിസ്ഥാനമൊഴിഞ്ഞിട്ടും സിദ്ധരാമയ്യയുടെ സ്വാധീനശക്തി കുറഞ്ഞിട്ടില്ല. അദ്ദേഹത്തിന്റെ മന്ത്രിസഭയിൽ ഉണ്ടായിരുന്ന പല പ്രമുഖ നേതാക്കളും ഡി കെ യുടെ മന്ത്രിസഭയിലുണ്ട്. അതിന് പുറമെ സിദ്ധരാമയ്യയുടെ മകൻ യതീന്ദ്രയെയും മന്ത്രിസഭയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വൊക്കലിഗ സമുദായ നേതാവായ ഡി കെ അഹിന്ദയിൽ ഉൾപ്പെടുന്നില്ല. അതിന്റെ പ്രശ്നവും സമ്മർദ്ദവും അദ്ദേഹത്തിനുണ്ടുതാനും. ഗവണ്മെന്റ് പരസ്യങ്ങളിൽ മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ചിത്രവും ഈയിടെയായി ചേർത്തുകാണുന്നുണ്ട്. ഈ രീതി പതിവുള്ളതല്ല. എത്ര പ്രബലനായ നേതാവായാലും മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് മാറിക്കഴിഞ്ഞാൽ അവഗണിക്കപ്പെടാറാണ് പതിവ്. അതിനാണ് മാറ്റം വന്നിട്ടുള്ളത്. ഡി കെ ഗവണ്മെന്റ് അധികാരത്തിലെത്തി നൂറു ദിവസം പൂർത്തിയായത് ആഘോഷിക്കാനായി സംഘടിപ്പിച്ച ധൃത കർണാടക സങ്കല്പ ഉൽഘാടനം ചെയ്തത് സിദ്ധരാമയ്യയാണ്. ഹൈക്കമാണ്ട് താല്പര്യമാണ് ഇതിന്റെയൊക്കെ പിറകിലെന്ന് കരുതപ്പെടുന്നു. ഹൈക്കമാണ്ട് പ്രതിനിധികളാരും ചടങ്ങിന് എത്തിയിരുന്നില്ല. കർണാടകക്കാരനായിട്ടും എ ഐ സിസി അധ്യക്ഷൻ മല്ലികാർജ്ജുന ഖാർഗെയുടെ അസാന്നിധ്യം പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു. ഇതൊക്കെ വിരൽചൂണ്ടുന്നത് ഡി കെ യുടെ ദൗർബല്യത്തിലേക്കും സിദ്ധരാമയ്യയുടെ കരുത്തിലേക്കുമാണ്. 2028 ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ വീണ്ടും അധികാരത്തിലെത്തിക്കാൻ സിദ്ധരാമയ്യയുടെ നേതൃത്വം കൂടിയേ തീരൂ എന്ന് ഹൈക്കമാണ്ട് തിരിച്ചറിഞ്ഞിട്ടുണ്ട്. അതായത് ഡി കെയുടെ മുഖ്യമന്ത്രി പദം താത്കാലികമായി പരിണമിക്കാനാണ് സാധ്യത. അഹിന്ദയെ ശക്തിപ്പെടുത്താനുള്ള നീക്കം സിദ്ധരാമയ്യ ആരംഭിച്ചിട്ടുണ്ട്. സൗജന്യ വാഗ്ദാനങ്ങൾ ഡി കെ ഗവണ്മെന്റ് മുടങ്ങാതെ തുടരുന്നതിൽ സിദ്ധരാമയ്യ സന്തുഷ്ടി പ്രകടിപ്പിച്ചു. "എത്ര പ്രയാസമുണ്ടായാലും ജനങ്ങൾക്ക് നൽകിയ സൗജന്യ വാഗ്ദാനങ്ങൾ നിറവേറ്റുന്നതിൽ നിന്നും പിറകോട്ട് പോകരുത്" സിദ്ധരാമയ്യ ഡി കെയെ ഉൽബോധിപ്പിച്ചു. പഞ്ച സൗജന്യ വാഗ്ദാനങ്ങൾ പ്രഖ്യാപിച്ചത് ഹൈക്കമാണ്ടാണ്. അതിൽ വിട്ടുവീഴ്ച്ച പാടില്ലെന്ന് സിദ്ധരാമയ്യ ചൂണ്ടിക്കാ ട്ടുന്നതിന് അർഥങ്ങൾ പലതാണ്.
Photo Courtesy - Google










